തിരുവല്ല: പക്ഷാഘാതത്തെ ത്തുടർന്നുണ്ടാകുന്ന ശാരീരിക പരിമിതികൾ മറികടക്കുന്നതിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി പുഷ്പഗിരി മെഡിക്കൽ കോളജിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പുഷ്പഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. വിജയലക്ഷ്മിയും സെന്റ് മേരീസ് കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രഫസർ ഡോ. സ്വപ്ന മേരിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞു നടന്ന സമ്മേളനം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
ഫിസിയോതെറാപ്പിയുടെയും സ്ട്രോക്ക് റിഹാബിലിറ്റേഷന്റെയും വിവിധ വശങ്ങളെക്കുറിച്ച് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് നമ്പൂതിരിയും പുഷ്പഗിരി ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. റെജി തോമസും പ്രസംഗിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. സി. ഷിബു ജോർജ് സ്വാഗതവും ഡോ. ക്രിസ്റ്റീന തോമസ് നന്ദിയും പറഞ്ഞു.